Blogger Widgets

ശ്ശൊ കഷ്ടമായിപ്പോയി!

രാഹുല്‍ ഗോവിന്ദ്
ഉപയോഗിച്ചു തീര്‍ന്ന  ചുയിഗം പോലെ
 ലോകം കാലിന്നടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍
പുകവലിക്കുന്നു.
സിഗരറ്റൊരു പൂമൊട്ടാണെന്നും,
ചുണ്ടിലിരുന്നതപ്പാടെ പൊട്ടി വിടരുമെന്നുമാലോചിക്കുന്നു,
ആലോചന നിര്‍ത്തി വീണ്ടും പുകവലിക്കുന്നു.

"പുകവലി ആരോഗ്യത്തിന് ഹാനികരം"
അതെന്തായാലും ലോകം ഉപയോഗിച്ചു തീര്‍ന്ന
ഒരു ചൂയിഗമാണെന്ന അഭിപ്രായത്തില്‍
ഞാനുറച്ചുനില്‍ക്കുന്നു.

കാക്കത്തൊള്ളായിരം  തലമുറകള്‍ ചുരണ്ടി, ചുരണ്ടി
ഭൂമി തേഞ്ഞുപോയിരിക്കുന്നു.
ശ്ശൊ കഷ്ടമായിപ്പോയി.
ചുരണ്ടാനൊന്നും ബാക്കിയില്ല.
തേഞ്ഞു പോയ ഭൂമി കൊണ്ട് ആര്‍ക്കെന്തു ഗുണം.

ആകാശം നഗരത്തിനു മേല്‍ കോരിയൊഴിക്കുന്ന
ഛര്‍ദ്ദില്‍ നിറമുള്ള വെയില്‍ അതിന്റെ നിരാശയാവാനാണു വഴി
ആകാശം എന്തു വേണേല്‍ ചെയ്യട്ടെ
 പാല്‍ പാക്കറ്റും,പത്രവും
മുടങ്ങാതെ വീട്ടിലെത്തുന്നുണ്ട്,
നമുക്കതറിഞ്ഞാല്‍ മതി
                                       ശുഭം
Malayalam Poet | illustration : sharon rani | about