Blogger Widgets

വണ്‍ നൈറ്റ് സ്റ്റാന്‍ഡ്

അരുണ്‍ പ്രസാദ്
മുടിയിഴകള്‍ക്കിടയില്‍
കുരുങ്ങിയ
കഴിഞ്ഞ രാത്രിയുടെ
ചെറു മഞ്ഞുകഷ്ണങ്ങള്‍
ഊരിയെടുക്കുന്ന
പുലര്‍ച്ചകളുടെ ഈ നഗരം
നാം വിടുകയാണ്‍ മേരി,

വേദനിക്കുന്നിടങ്ങളെല്ലാം തടവി
ഈത്തായ പരന്നേക്കാവുന്നിടങ്ങള്‍ തുടച്ച്
ചപ്രത്തലമുടിയെ തലോടി
പാതി കണ്ണുകളിലൂടെയീദിവസത്തെ
ചരിഞ്ഞു നോക്കുന്ന ഓര്‍മകള്‍ ഇല്ലാതെതന്നെ
ഈ പുലര്‍ച്ചയില്‍ നിന്നും കഴിഞ്ഞ രാത്രിയിലേക്ക്
നിന്നെ മടക്കി കൊണ്ടുപോകുകയാണ്.

ഇന്നലെ നീയുരസി ലയിപ്പിച്ച ലിപ്സ്റ്റിക്
തലയിണയില്‍ നിന്നും ,
കിടക്ക വിരിയില്‍ നിന്നും
തികഞ്ഞ ശ്രദ്ധയോടെ തുടച്ചെടുത്ത്
ഒരു ചിത്രകാരന്റെ കൈവഴക്കത്തോടെ
ചുണ്ടുകളില്‍ വരച്ചു തന്ന്
നിന്നെ ഞാന്‍
 പിറകിലോട്ട് കൊണ്ടു പോകും.

കൈ വഴുതിപ്പോയതോയെന്നറിയില്ല
ക്ഷമിക്ക് മേരി, നീയുണര്‍ന്നു പോയ്.

ഇന്നലെ നീയെറിഞ്ഞു കളഞ്ഞ ഷൂസുകള്‍
വിദഗ്ദമായ്ത്തന്നെ നിന്റെ
കൈകളിലേക്കു ഞാന്‍ എറിഞ്ഞു തന്നില്ലേ?
തലേദിവസം പുറത്തേക്കു വിട്ട
ബിയറിന്റെ മണമുള്ളഏമ്പക്കം
ഉള്ളിലേക്കെടുത്ത് നീ ലേസ് കെട്ടിത്തുടങ്ങി.

മുടിയിഴകള്‍ക്കിടയില്‍
കുരുങ്ങിയ
കഴിഞ്ഞ രാത്രിയുടെ
ചെറു മഞ്ഞുകഷ്ണങ്ങള്‍
ഊരിയെടുക്കുവാനാഞ്ഞ
പുലര്‍ച്ചയേയും കൊണ്ട് നാം
രാത്രിയിലൂടെ
പിറകോട്ട് പോകയാണ് മേരി
ഈ നഗരം വിടുകയാണ്

ആദ്യ തവണയായിട്ടും
എത്ര കൃത്യമായ് നീ
പിറകിലോട്ടു നടക്കുന്നു ?
കൌതുകകരം തന്നെ
എത്രപെട്ടെന്നെല്ലാം പഠിക്കുന്നു?
സൈഡ് മിറര്‍ മാത്രം ശ്രദ്ധിച്ച്
 പിറകിലോട്ട് ഇത്രയും വേഗതയില്‍
സൂക്ഷ്മമായി
വാഹനം ഓടിക്കുന്നതില്‍
എനിക്കസൂയ തോന്നുന്നു.

നമ്മളെത്തി
രാത്രി നീ തുളുമ്പിത്തെറിച്ച
ഡാന്‍സ്ബാറില്‍
ഇനിയിറങ്ങാം .

"ഇന്നുരാത്രിയെന്നെ
കൊണ്ടുപോകുന്നോ ചെക്കാ"യെന്ന
ഇന്നലെ നീ കൊടുത്ത നോട്ടം
അവിടെ വച്ച് ഒരുവന്‍ നിനക്കു തിരികെ തരും.

ഡാന്സ് ഫ്ലോറില്‍
തളരും വരെ ആടിത്തീര്‍ത്ത
ചുവടുകള്‍ക്കൊപ്പം
നീ എടുത്തെറിഞ്ഞ സങ്കടങ്ങളെല്ലാം
ഓരോന്നായി നീ തിരിച്ചെടുക്കുന്നതു
ഞാന്‍ വിഷമത്തോടെ
നോക്കി നില്‍ക്കും.
എന്നാലും
രാത്രി മുഴുവന്‍ കുതിച്ചുയര്‍ന്നപ്പോള്‍
കളഞ്ഞുകിട്ടിയ കാലുവേദന
നിനക്കു മാറികിട്ടുമല്ലൊ?

കുടിച്ചിറക്കിയ ലഹരി പാനീയങ്ങള്‍
കൂസലേന്യ
ഛര്‍ദ്ദിച്ചു തിരികെനല്‍കിയിട്ടും
ഒരു നാണവുമില്ലാതെ
അതെല്ലാം കുപ്പിയിലാക്കി
സൂക്ഷിക്കുകയാണ്!

ടയറിന്റേയും പൊടിയുടേയും
മിശ്രഗന്ധം നമ്മെ ഒരിക്കല്‍ക്കൂടി മദിപ്പിക്കും.

സൈഡ് മിറര്‍ മാത്രം ശ്രദ്ധിച്ച്
മുന്‍പിലെ എഞ്ചിനില്‍ നിന്നുള്ള
ആവിക്കൊപ്പം പൊടിപടലങ്ങള്‍ പറത്തി
പഴയ വഴിമരങ്ങള്‍ക്കെല്ലാം
മുന്‍പിലേക്കോടുവാനൊരവസരം നല്‍കി
ഈ നഗരം വിട്ടു പുറകിലോട്ട്
നാം പോകുകയാണ്
-
Malayalam Poet | illustration : sharon rani | about