Blogger Widgets

അസാധ്യതകളിൽ വീടു വെച്ചവർ

സ്വാതന്ത്ര്യത്തിന്റെ ഒരു സൈബറാകാശത്തിനു കീഴെ തുടർച്ചകളൊ അകൽച്ചകളൊ നിറഞ്ഞ സാഹിത്യ ചരിത്രത്തെ തെല്ലും കൂസാതെ സ്വയം നടന്നു പോകുന്നതിന്റെ അടയാളങ്ങളെ അവശേഷിപ്പിക്കുകയാണ് പുത്തൻ യുവത്വം. പിൻ ചരിത്രങ്ങളെ നിഷേധിക്കാൻ നിങ്ങൾ ഞങ്ങൾക്കൊരു പ്രശ്നമേയല്ല, മറികടക്കേണ്ട ഒരു വയ്ക്കോൽ തുമ്പു പോലുമല്ല എന്ന ഭാവം ആ നടത്തത്തിനുണ്ട്. സ്വയം വളർന്ന് തഴച്ച് മരമാവുന്നതിന്റെ സ്വാഭാവികത.തിന്മയെ കുറിച്ച് ചിന്തിക്കുമ്പോൾ തിന്മ ഉണ്ടാവുന്നു എന്ന് പറയുമ്പോലെ അവർ ഭൂതകാലത്തെ കുറിച്ച് അനാവശ്യമായ് വ്യാകുലപ്പെടുന്നില്ല.മനുഷ്യനും അവന്റെ സാഹിത്യവും ഒരു വമ്പൻ തുടർച്ചയുടെ ഭാഗം തന്നെ.തുടർച്ചകളേയൊ നിഷേധങ്ങളേയൊ കൊള്ളുകയൊ തള്ളുകയൊ ചെയ്യേണ്ട കാര്യമില്ലെന്നൊ, എല്ലാത്തിനും ഒരു പ്രത്യേക നിയമം വേണമെന്നൊ ഇല്ലാത്തതിന്റെ അവ്യവസ്ഥ.നിങ്ങളെയൊക്കെ ഊട്ടി വളർത്തി വയസാം കാലത്ത് ഞങ്ങളെ നോക്കാത്തതിന്റെ കണക്കുകൾ നിരത്തുന്ന (അവർ ഊട്ടി വളർത്തിയതേ അതിനാണ്) സ്വാർത്ഥ സാഹിത്യ രക്ഷിതാക്കളെ ക്ഷമ.ഒരു ഈസി ചെയറിട്ടു തരും.പഴമ്പുരാണം കേൾക്കാൻ ഞങ്ങൾക്ക് ക്ഷമയില്ല.

വീക്കി പീഡിയയും സിനിമയും പുസ്തകങ്ങളും (പുതിയവർക്ക് പുസ്തക വായന കുറവാണെന്ന ഒരു ധാരണയുണ്ടെന്ന് തോന്നുന്നു)ആനിമേഷനും വിർച്വൽ റിയാലിറ്റികളും നിറഞ്ഞ അറിവുകളുടേയും കാഴ്ചകളുടേയും ധാരാളിത്തം നിറഞ്ഞ ഒരു ലോകത്ത് തോന്നിയ പോലെ ജീവിക്കുകയും തോന്നിയ പോലെ എഴുതുകയും ചെയ്യുന്നതിന്റെ സ്വാതന്ത്ര്യത്തെ ആഘോഷിക്കുകയാണ് പുതിയ എഴുത്ത്. ഏകമുഖമായ അറിവു സമ്പാദന രീതിയിൽ നിന്നും സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചുള്ള അറിവു ശേഖരണത്തിന്റെ ബഹുമുഖ സാധ്യതകളിലേക്ക് കാലം നമ്മെ നയിച്ചിട്ടുണ്ട്.ഇത് സർഗാത്മകമായ് സാഹിത്യത്തിൽ ഇടപ്പെട്ടിട്ടുണ്ട്. ഓൺലൈൻ എഴുത്തുകാർ എന്ന ഒറ്റ ലേബലിൽ ഒതുക്കുമ്പോൾ ഉള്ളടക്കത്തിലും രൂപത്തിലും മൗലികമായ് വ്യത്യാസമുള്ള രചനകൾ ഇവിടെ ഉണ്ടാവുന്നു എന്ന കാര്യം മനപൂർവ്വം മറച്ചു വെക്കാൻ ശ്രമിക്കയാണ്.

പുതിയ എഴുത്തിന്റെ ഭാവുകത്വ പരിണാമങ്ങളുടെ കാരണങ്ങൾ അന്വേഷിച്ച് പോകുന്നവർ എന്നും തടഞ്ഞു വീഴാറുണ്ട് കമ്പ്യൂട്ടർ എന്ന നവ സാങ്കേതികതയിൽ. സാങ്കേതികമായ മുന്നേറ്റം സംസ്കാരത്തിൽ വലിയ അളവിൽ ഇടപെടുന്നുണ്ട്. വൈദ്യുതിയുടേയും ബൾബിന്റേയും കണ്ടുപിടുത്തം പോലെ കമ്പ്യൂട്ടറും  (പ്രത്യേകിച്ച് അറിവുകൾ വിനിമയം ചെയ്യുന്ന ഒന്ന് എന്ന രീതിയിൽ) ആ രീതിയിൽ ഇടപെടുകയും അത് സാഹിത്യത്തിൽ പ്രതിഫലിക്കുകയും ചെയ്യുന്നുണ്ട്. സൈബർ സ്പേസ് തുറന്നു തന്ന സ്വാതന്ത്ര്യം ഭാവുകത്വ മാറ്റത്തിന് ഒരു കാരണമാണെങ്കിലും അതിന്റെ ആനുകൂല്യത്തിൽ മാത്രം കവികളായവരാണ് പുതിയതായ് എഴുതുന്നവർ എന്ന നിലപാട് ഓൺലൈനിൽ മൗലികമായ് എഴുതുന്നവരെ ചെറുതാക്കി കാണലാണ്.

പുതിയ എഴുത്തിന്റെ സൗന്ദര്യ ശാസ്ത്രപരമായ ഒരന്വേഷണം (പ്രത്യേകിച്ചും ഓൺലൈനിൽ സംഭവിച്ച) ആഴത്തിൽ ഇനിയും നടന്നിട്ടില്ല. പുതിയ എഴുത്തിനെ ഏതെങ്കിലും പൊതു ലേബലൊട്ടിച്ച് അതിനു കീഴിൽ സാമാന്യവത്കരിക്കാൻ എത്രത്തോളം കഴിയുമെന്നത് സംശയകരമാണ്. അത് പോലെ പഴയ മാനദണ്ഡങ്ങൾ വെച്ച് എത്രത്തോളം മനസിലാക്കാൻ പറ്റുമെന്നതും. സ്ഥലകാലങ്ങളുടെ സങ്കീർണതകളും പുനർനിർവചിക്കപ്പെട്ട യാഥാർത്ഥ്യങ്ങളും അതിനെ നേർ രേഖയിൽ നിന്നും തെന്നിച്ചിട്ടുണ്ട്. ആത്യന്തികമായ ഫലം നോക്കാതെ എന്തും പരീക്ഷിക്കാനുള്ള ധൈര്യം അവ മുന്നോട്ട് വെയ്ക്കുന്നു. മറി കടക്കാൻ അതിർത്തികൾ ഇല്ലാതെ പോയവരുടെ ആഘോഷങ്ങളാണ് പുതിയ കവിത. സ്വാതന്ത്ര്യത്തിന്റെ ലഹരി നുണഞ്ഞവരുടെ ഭാഷയും പ്രമേയവും അത് പ്രകടിപ്പിക്കുന്നു. സാമാന്യവത്കരിച്ചു പറഞ്ഞാൽ ബ്ലോഗ് കവിതയുടെ ലളിത യുക്തികളിൽ നിന്നും വാമൊഴി വഴക്കങ്ങളിൽ നിന്നും കുഞ്ഞു കവിതകളിൽ നിന്നും തെന്നിമാറി നീണ്ട അയുക്തികൾ നിറഞ്ഞ ഭ്രമാത്മക ബിംബങ്ങളുടെ ഒരു ഘോഷയാത്രയാവുന്നുണ്ട് അത്. വാമൊഴി വഴക്കങ്ങളിലൊ പ്രാദേശികതയിലൊ അത് അത്രയധികം അഭിരമിക്കുന്നില്ല. അനുഭവങ്ങൾ ആഗോളീകൃതമാവുന്നതിന്റെ ഭാഗമായ് വന്ന മാറ്റങ്ങൾ അവനെ, അവന്റെ കവിതയെ മാറ്റി പണിതിരിക്കുന്നു.

വിശ്വാസങ്ങളിലും വീടുകളിലും ഇരിപ്പുറക്കാത്ത ഈ പുതിയ സഞ്ചാരങ്ങൾ ഭൗതികമായ അനേഷണത്തിന്റേയൊ ആത്മാന്വേഷണത്തിന്റെയൊ ഭാഗമായല്ല സംഭവിക്കുന്നത്. വിശ്വാസങ്ങളും വീടുകളും അവനു തിരിച്ചെത്തേണ്ട ഇടങ്ങൾ പോലുമല്ല. ജീവിച്ചിരിക്കുക എന്ന പ്രതിഭാസം തന്നെയാണ് അവനു സഞ്ചാരം.ഈ ചലനാത്മകത അവന്റെ കവിതയിലുണ്ട്. പുറം ലോകത്തിന്റെ അപരിചിതത്വങ്ങളിലും അസാധ്യതകളിലും വീടു വെച്ചവരാണ് പുതിയ കവികൾ. മേൽക്കൂരകളും അതിർത്തികളും ഇല്ലാത്തവരുടെ പുതിയ രാഷ്ട്രം. അവിടെ പ്രേമിച്ചും കൂക്കി വിളിച്ചും തോന്നിയ പോലെ ജീവിക്കുന്നതിന്റെ ഉന്മാദങ്ങളെ അവൻ കവിതയാക്കുന്നു. അത്രയധികം അരാഷ്ട്രീയവത്കരിക്കപ്പെട്ടതിന്റെ രാഷ്ട്രീയം അവന്റെ കവിതയിലുണ്ട്. അതിന്റെ കൂർപ്പുകൾ കാപട്യം നിറഞ്ഞ സാമൂഹ്യ ഉദ്ബോധനങ്ങളെ മുറിവേൽപ്പിക്കുന്നുണ്ട്. തിരിച്ചിടലിന്റേയൊ അട്ടിമറിക്കുന്നതിന്റേയൊ ഈ പുതിയ രാഷ്ട്രീയം കവിതയുടെ തന്നെ കീഴ്മേൽ നടപ്പുകളെ ചോദ്യം ചെയ്യുന്നു.

സാങ്കേതികത കൊണ്ടു വന്ന തുറന്നിടലുകളുടെ പുതിയ സാമൂഹ്യ പരിസരങ്ങൾ ശ്ലീലാശ്ലീലങ്ങളുടെ സദാചാര സംഹിതകളെ വളരെയധികം മായ്ച്ചു കളഞ്ഞിരിക്കുന്നു. മനസിന്റെയും ശരീരത്തിന്റെയും സോർബീയൻ ജീവിതാവസ്ഥകളെ പുതിയ കവിത നല്ല വണ്ണം അഘോഷിക്കുന്നു.  സദാചാരത്തിന്റെ വ്യവസ്ഥാപിത നിയമങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന ഗ്രാമങ്ങളിൽ നിന്ന് പുതിയ കവിത നഗരങ്ങളിലേക്ക് മാറിയത് സ്വാതന്ത്ര്യത്തിന്റെ ഈ പുതിയ ആവാസ വ്യവസ്ഥയിൽ സ്വയം തിരിച്ചറിയാൻ കഴിയുന്നതു കൊണ്ടാണ്. പാർക്കുകളിലും ബീച്ചുകളിലും കഫേകളിലും നഗര നിരത്തുകളിലും പുതിയ ഇമേജുകൾ തേടി ഭാഷ തേടി പുതിയ കവിത സഞ്ചരിക്കുന്നു.

മോണിറ്റർ എന്ന നഗരത്തിന്റെ ഫ്ളൈയോവറുകളിലൂടെ പറന്നു നടക്കുന്നവരുടെ അനുഭവപരിസരങ്ങൾ, കലയുടെ തന്നെ വിവിധ മേഖലകളുമായുള്ള സമ്പർക്കങ്ങൾ കവിതയുടേ ഘടനയെ,  ഭാഷയെ മാറ്റി പണിയാനിരിക്കുന്നതേയുള്ളൂ. പുതിയ കാലം ഭാഷാ പരീക്ഷണങ്ങളുടെയാണ്. ഭാഷ ഇതേ വരെ സഞ്ചരിക്കാത്ത അസാധ്യതകളിലേക്ക്, അന്യഗ്രഹങ്ങളിലേക്ക് യാതൊരു വിധ മുൻ ധാരണയുമില്ലാതെ സഞ്ചരിക്കുന്ന ഒരു കൂട്ടത്തിന്റെ ഏകാകികതയെ ധ്യാനിച്ചിരിക്കുന്നു കാലം. പുതിയ കാലത്തിന്റെ യാഥാർഥ്യം പഴയതിന്റെ യുക്തിയിൽ ഒതുങ്ങുന്നില്ല. 

യാഥാർത്ഥ്യയാഥാർത്ഥ്യങ്ങൾക്കിടയിലുള്ള അതിർത്തികൾ അത്രയധികം മാഞ്ഞു പോയിരിക്കുന്നു. പഴയ കാലത്തിന്റെ അയാഥാർത്ഥ്യങ്ങൾ പുതിയ കവിയുടെ യാഥാർത്ഥ്യങ്ങളാണ്. ഭൂത ഭാവികൾ വർത്തമാനമായ് അലിഞ്ഞു പോയ ഒരു താത്കാലികതയിൽ നിന്നും അവന്റെ കവിത വരുന്നു.

പുതിയ കവിയുടെ കാമുകി ഭാവിയിൽ ജീവിക്കുന്നു.അവിടെ നിന്നും അവന് ഫോൺ ചെയ്യുന്നു.അവൾ അവനെ നോക്കുന്ന നോട്ടത്തിന്റെ പാതയിലൂടെ, കാലം വർത്തുളമാണെന്ന് അവൾ ഇപ്പോൾ പാടി കൊണ്ടിരിക്കുന്ന പാട്ടു കേട്ട്, അവൻ എതിർ ദിശയിൽ കാറോടിക്കുന്നു. ഭൂതകാലത്തിന്റെ മണ്മറിഞ്ഞു പോയ ഏതൊ നഗരാതിർത്തിയിൽ വെച്ച് അവൻ അവളെ കണ്ടുമുട്ടും. കാത്തിരിപ്പിന്റെ ഈ ഭാഷയെ തലതിരിഞ്ഞ സഞ്ചാരത്തെ ഞാൻ പ്രണയമെന്ന് വിളിക്കുന്നു.സ്ഥലകാലങ്ങളെ മുറിച്ച് സഞ്ചരിക്കുന്ന ജീവിതത്തിന്റെ ഭാഷയെ കവിതയെന്നും.

ത്ഫൂ എന്ന ഈ കവിതാ സമാഹാരത്തിൽ എഴുതിയവരെല്ലാം ജീവിതത്തിന്റെ ആ ഭാഷയെ തിരിച്ചറിഞ്ഞവരാണ്. ഒന്നിലും ഒതുങ്ങാത്ത ഒരു ലോകത്തിന്റെ പുതിയ സാഞ്ചാരങ്ങളാണ്, സാധ്യതകളാണ്. കവിതയെ കുറിച്ചുള്ള പഴയ സങ്ക്ൽപ്പങ്ങളിൽ, ഫ്രെയുമുകളിൽ അവരില്ല.പഴയ സെൻസിബിലിറ്റിയെ ചോദ്യം ചെയ്യുന്ന എല്ലാത്തിനേയും കവിതയല്ലെന്നൊ മനസിലാവാത്തത് എന്നൊ എഴുതി തള്ളുന്ന ഒരു കൂട്ടത്തെ തീരെ കൂസാതെ പുതിയ ഗൂഢാലോചനകളിൽ പുതിയ അട്ടിമറികൾക്ക് തിര നിറയ്ക്കുകയാണ് അവർ.കാരണം ശീലങ്ങളിൽ മുറിവേൽപ്പിക്കുന്ന പുതിയ അട്ടിമറികളെ കാതോർത്തിരിക്കുന്ന, മാറ്റങ്ങളെ കൊതിക്കുന്ന കാലത്തിന്റെ കവിതയെ കുറിച്ചുള്ള സങ്കൽപ്പങ്ങളിൽ, ഫ്രെയുമുകളിൽ അവരുണ്ടാവുമെന്നുറപ്പാണ്. അതെ കുറവുകളുള്ളപ്പോഴും അവർ എഴുതികൊണ്ടിരിക്കുന്നു. സ്ഥലകാലങ്ങളെ മുറിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. കാത്തിരിപ്പു തുടർന്നുകൊണ്ടിരിക്കുന്നു.. കാരണം അവർക്കറിയാവുന്ന ഒരേയൊരു വിപ്ലവ പ്രവർത്തനം എഴുതികൊണ്ടിരിക്കുക എന്നതാണ്, അതിലൂടെ ഭാഷയെ മാറ്റി പണിയുക എന്നതാണ്..
Malayalam Poet | illustration : sharon rani | about