Blogger Widgets

രമണൻ/ ഒരു വി/ക/ലാപ കാവ്യം

യാസര്‍ അറഫാത്ത്

നീ പിരിഞ്ഞു പോയതിൽ പിന്നെ
കൂട്ടു കൂടിയിട്ടില്ല ആരുമായും
എല്ലാം മുൻപ് എങ്ങനെയൊക്കെ ആയിരുന്നുവോ
അതുപോലെയൊക്കെ തന്നെയാണ്‌
നമ്മൾ ചുംബിക്കുമ്പോൾ നമ്മളെ ചുംബിച്ചിരുന്ന കാറ്റുകൾ മാത്രമാണ്‌
ചിലപ്പോഴെങ്കിലും കൂട്ടായി ഉണ്ടാകാറുള്ളത്
വ്യത്യസ്ഥമായി വീശാറുള്ളത്

പിരിഞ്ഞു പോകുമ്പോൾ നീ പറഞ്ഞ വാക്കുകൾ
ഓർമ്മയിൽ കല്ലിൽ കൊത്തിവെച്ചപോലെ തന്നെയാണ്‌
എന്നിട്ടും ഒരു യോനീതടങ്ങളും തേടി ഞാനൊരു യാത്രയും പോയില്ല
ഒരു തുറമുഖത്തും ഒരു കപ്പലിനേയും കാത്തു നിന്നില്ല
എന്തുകൊണ്ടാണെന്ന് നീ ചോദിക്കരുത്
എന്തുകൊണ്ടാണെന്ന് എനിക്കറിഞ്ഞുകൂടാ

എന്തുകൊണ്ടാണ്‌ ചില കാലങ്ങളിൽ
നമ്മുടെയൊക്കെ ജീവിതങ്ങളിൽ
കപ്പലുകൾ നങ്കൂരമിടുന്നതെന്ന്
കടൽ വറ്റിയ തീരങ്ങളിലിരുന്നു ഞാൻ കാറ്റുകൊള്ളുകയാണ്‌

വിശുദ്ധ പുസ്തകങ്ങൾ പോലെയുള്ള ചില ദേശങ്ങളുണ്ട്
വിശുദ്ധ പുസ്തകങ്ങൾപോലെ തന്നെയാണവ
പൂക്കളേയും കിളികളേയും ചിത്രശലഭങ്ങളേയും
അനേകം നൂറ്റാണ്ടുകൾ തപസ്സ് ചെയ്താലും
കാണാൻ കഴിയാത്ത ദേശങ്ങൾ

ഇത്തരം ദേശങ്ങളിലേക്കുള്ള നാടുകടത്തൽ
വധശിക്ഷയേക്കാൾ ഭീകരമാണെന്ന്
പതിയെ പതിയെ നമ്മൾ മനസ്സിലാക്കുന്നു

കുന്നുകളും താഴ്വരകളും ഇടിച്ചു നിരത്തി
സമതലങ്ങളാക്കിയ ദേശത്ത്
സമതലങ്ങൾ മാത്രം നിറഞ്ഞ ദേശത്ത്
ജീവിതം എന്തുമാത്രം ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയായിരിക്കുമെന്ന്
നിന്നെപ്പോലെ ഞാനും അത്രയേറെ ഭയപ്പെട്ടിരുന്നു
നമ്മൾ അപ്രതീക്ഷിതമായി കണ്ടുമുട്ടുംവരെ

പിന്നെ പിന്നെ നമ്മുടെ വസന്തകാലങ്ങൾ
പൂക്കളുടേയും കിളികളുടേയും ചിത്രശലഭങ്ങളുടേയും കാലങ്ങൾ
വരണ്ടുപോയ പ്രതലങ്ങളിലെ ഒരു കഷ്ണം പച്ചപ്പ്
ഏതു സമയവും കൊടുങ്കാറ്റ് എടുത്തുകൊണ്ടുപോകാവുന്ന മരുപ്പച്ച

എത്ര ക്ഷണികമായിരുന്നു നമ്മുടെ ആ വസന്തകാലമെന്ന്
കരൾ പിളരുന്ന വേദനയോടെ ഞാൻ ഓർക്കുന്നു
ഓർത്തോർത്ത് ഓർമ്മകളുടെ കുന്നുകളിൽ
കാനായിയുടെ ശിൽപ്പങ്ങൾപോലെ മലർന്നടിച്ചു കിടക്കുന്നു

കുന്നുകളും താഴ്വരകളും നിറഞ്ഞ ദേശങ്ങളുടെ ശരീരങ്ങൾപോലെ
അത്രതന്നെ ചേതോഹരങ്ങളാണ്‌
സമതലങ്ങൾ മാത്രമുള്ള ദേശങ്ങളുടെ ശരീരവുമെന്ന്
ആരും മനസ്സിലാക്കാത്തത്
സമതലങ്ങളിലൂടെ യാത്ര ചെയ്യാത്തത് കൊണ്ടാണെന്ന്
നമ്മൾ നമ്മുടെ സമതലങ്ങളിലൂടെ യാത്ര ചെയ്ത കാലത്ത്
എന്തുമാതിരി ആഹ്ലാദത്തോടെയാണ്‌ ആടിയാടി തീർത്തത്
ഒരു പട്ടം പോലെ ആകാശത്ത് പറന്ന് പറന്ന് കളിച്ചത്

മല തുളച്ച് യാത്ര ചെയ്യുന്നവരുടെ ക്ലബ്ബുകളിൽ
അത്രയേറെ താൽപ്പര്യപ്പെട്ടിരുന്ന താൽപ്പര്യങ്ങളെ
അത് കടലിനക്കരെയുള്ളവരുടെ ആധുനിക കവിതയാണെന്നും
അത് നമ്മുടെ രീതിയല്ലെന്നും
നമ്മുടേത് പുതുകവിതകളുടെ കാലമാണെന്നും
തെങ്ങിന്റേയും നെല്ലിന്റേയും വിശുദ്ധ മണമുണ്ടെന്നും
കാണിച്ച്തന്നത് നീയാണ്‌
അതിൽ പിന്നീടാണ്‌ നമ്മൾ 
തൂണുകൾ ചെരിച്ച് വെച്ച് നദികൾ കടക്കാൻ തുടങ്ങിയത്

രണ്ട് തൂണുകൾക്കിടയിലൂടെ യാത്ര ചെയ്യുമ്പോൾ
എത്തിച്ചേരുന്നത് ഏദൻ തോട്ടത്തിലാണെന്നും
വിലക്കപ്പെടാത്ത കനികളുടെ വസന്തകാലമാണ്‌
അവിടെയെന്ന് കാണിച്ച് തന്നത് നീയാണ്‌
നീ ഓർക്കുന്നുണ്ടാകണം നമ്മുടെ ഏദൻ തോട്ടങ്ങളിൽ
    എവിടെ തിരിഞ്ഞൊന്ന് നോക്കിയാലെ-
    ന്തവിടെല്ലാം പൂത്ത മരങ്ങൾ മാത്രം;
    ഒരു കൊച്ചുകാറ്റെങ്ങാൻ വന്നുപോയാൽ
    തുരു തുരെപ്പൂമഴയായി പിന്നെ!

എപ്പോഴും നമ്മൾ നമ്മളിൽ നിന്ന് പെയ്യിക്കുന്ന പൂക്കളുടെ മഴയിൽ
എപ്പോഴും നമ്മൾ നനഞ്ഞു കുതിരുന്നത് കൊണ്ടാകണം
നിങ്ങളെ കുതിര പൂക്കൾ മണക്കുന്നുവെന്ന്
വരിയുടക്കപ്പെട്ട നരികൾ
നിര നിരയായി നിരാശപ്പെട്ട് നിരങ്ങിക്കൊണ്ടിരുന്നത്

നിന്റെ മെലിഞ്ഞു നീണ്ട വിരലുകൾ
പുല്ലാങ്കുഴലിൽ നിന്ന് ചിറകടിച്ചു പോകുന്ന കാറ്റിനെ
അത്യധികം ഓമനയോടെ മീട്ടിക്കൊണ്ടിരുന്നതുപോലെ
അത്രയേറെ ഓമനത്തത്തോടെ നീയിപ്പൊഴും
എന്നെ മീട്ടിക്കൊണ്ടിരിക്കുന്നുവെന്ന് നീ അറിയുമ്പോൾ
രമണാ രമണാ
നീ അതിശയത്തിന്റെ കുന്നുകൾ കയറിയേക്കാം

നമ്മൾ കയറിയ കുന്നുകൾ
നമ്മളിറങ്ങിയ താഴ്വരകൾ
നമ്മളിരുന്ന മരത്തിൻ ചുവടുകൾ
നമ്മൾ കൊണ്ട തണലുകൾ
നമ്മൾ പുല്ലാങ്കുഴലിലൂടെ പാടിയ പറുദീസകൾ
ഹരിപ്രസാദ് ചൗരസ്യ നിരവധിതവണ തോറ്റുപോയ
നീ എന്നിലൂടെ പാടിയ പുല്ലാങ്കുഴൽ കച്ചേരികൾ
നമ്മുടെ പുല്ലാങ്കുഴൽ രാത്രികൾ

അകലേ അകലെ പ്രപഞ്ചനാഥന്റെ ഒരു പെയ്ന്റിംഗ്
പച്ച പശ്ചാത്തലത്തിൽ മലയുടെ ചെരിവുകളിൽ
അകലേ അകലെയുള്ള കണ്ണുകളിൽ
ആയിരമായിരം പട്ടുനൂൽപ്പുഴുക്കളുടെ ഒരാകാശം
അരികേ അരികെയുള്ള കണ്ണുകളിൽ
നൂറ്‌ നൂറ്‌ ചെമ്മരിയാടുകളുടെ തോട്ടങ്ങൾ

തോട്ടങ്ങളിലെ അപ്രതീക്ഷിത ഇടങ്ങളിൽ നിന്ന്
മദനാ മദനാ എന്ന് 
മദയാനയെപോലൊന്നുമല്ലെടോ
നേരെ വിപരീതമായ രീതിയിലല്ലയോ
നെഞ്ച് പൊട്ടിയാകണം
ബെഞ്ചിന്റെ കാലിൽ മുട്ടിക്കൊണ്ടാകണം
പുല്ലാങ്കുഴലിൽ നിന്നാകണം
മുറിഞ്ഞ് മുറിഞ്ഞ് തന്നെ ആകണം

പ്രിയപ്പെട്ട രമണാ...

തോന്നലുകളിൽ
ഒരു പൂക്കാലം 
തന്നെയാണെന്ന്
അറിയണം

രമണാ...  രമണാ...
Malayalam Poet | illustration : sharon rani | about