Blogger Widgets

ചായമടി

അഖില ഹെന്റി
എന്തൊരു രസമാണിത്!
മഴയാണെങ്കിലും
ചുമരുകളില്‍ ഈര്‍പ്പമുണ്ടാകാമെങ്കിലും
വെറുതേയിങ്ങനെ ചായമടിക്കാന്‍.
ഇമല്‍ഷനെന്നോ ഇനാമലെന്നോ ഇല്ലാതെ
കൈമെയ് മറന്ന്
ഈ വെറും മണങ്ങളില്‍
മുഴുകി
ആകെയലങ്കോലപ്പെടുത്തി
എന്നാലൊട്ടും ഭീകരമല്ലാത്ത
ഒരു ഭീകരതയിലേയ്ക്ക്
പതിയെ
വഴുതിവീഴാന്‍.
മരിച്ചവരുടെപോലും
വിരല്‍പാടുകള്‍
ചായങ്ങളുടെ അഹങ്കാരത്തില്‍ മുക്കി
മായ്ച്ചു മായ്ച്ചു കളയുമ്പോള്‍
ശരീരത്തില്‍ പടരുന്ന
പേരറിയാത്ത പേടികളെ
പിന്നെയും കളിയാക്കിക്കുഴിച്ചുമൂടാന്‍.

മേലാസകലം പൊട്ടും പൊടിയുമായി
ചുമരുകളോട് തോറ്റ്
ശബ്ദമുണ്ടാക്കാതെ
നടന്നകലുന്ന എന്നെ നിങ്ങള്‍ പെട്ടെന്ന് തിരിച്ചറിയും.

വര്‍ഷങ്ങള്‍ക്കുശേഷം
ചായത്തില്‍ മുങ്ങിയ എന്റെ കാല്‍പാടുകള്‍
നടന്നടുത്ത
അടുക്കളയില്‍ നിന്ന്
സ്വര്‍ണം മാറ്റി പച്ചയോ
നീലയോ പൂശിയ
വൈവിധ്യമാര്‍ന്ന പല
ആഭരണങ്ങളും കണ്ടെടുക്കും.

അവിടെനിന്നും പിന്നെ ഞാന്‍
നടന്നകന്ന വഴികളറിയാതെ
വിഷമിച്ച്
ഞാന്‍ ചായമടിച്ച ചുമരുകളില്‍ത്തന്നെ
ആണികളടിച്ച്
എന്റെ ബാല്യകാല ചിത്രങ്ങള്‍ തൂക്കും.
ഛെ!
എന്തൊരന്ത്യമാകുമായിരിക്കും അത്!
home | illustration : sharon rani | about